
രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയയുടെ നടപടി ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഈ മിസൈൽ പരീക്ഷണം ഒരു സാങ്കേതിക പ്രകടനംമത്രമല്ല, ആഗോള രാഷ്ട്രീയത്തിനുമേൽ തന്റെ ആധിപത്യം സ്ഥാപിക്കാനുള്ള കിം ജോങ് ഉന്റെ ശക്തമായ സന്ദേശമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് അതിർത്തിക്കടുത്ത് നിന്നുള്ള ഹ്രസ്വദൂര മിസൈൽ വിക്ഷേപണം, ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചു. യുഎസും ദക്ഷിണ കൊറിയയും ഇതിനകം തന്നെ വിക്ഷേപണത്തിന്റെ തയ്യാറെടുപ്പുകൾ കണ്ടെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ജപ്പാൻ മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് സ്ഥിരീകരിച്ചതോടെ ടോക്കിയോയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. മേഖലയിൽ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഈ പരീക്ഷണങ്ങൾ തകർക്കുന്നുവെന്നാണ് വിലയിരുത്തൽ.
“ഉത്തര കൊറിയയ്ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിയമാനുസൃത അവകാശമുണ്ട്,” എന്നായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രസ്താവന. ഉത്തര കൊറിയ എന്തു ചെയ്താലും തങ്ങളുടെ പിന്തുണയുണ്ട് എന്ന റഷ്യയുടെ പരസ്യ പ്രഖ്യാപനമാണ് ദിമിത്രി പെസ്കോവിന്റെ പ്രസ്താവന.
അതേസമയം, യുഎസും ജർമനിയും കടുത്ത നിലപാടിലാണ്. വാഷിംഗ്ടൺ ഈ പരീക്ഷണത്തെ “അങ്ങേയറ്റം പൊറുക്കാനാവാത്ത നടപടിയായി” വിശേഷിപ്പിച്ചു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒരു വ്യത്യസ്ത തന്ത്രം പിന്തുടരുകയാണ് — മിസൈൽ പരീക്ഷണങ്ങളാൽ കടുത്ത സ്ഥിതി നിലനിൽക്കുന്ന സമയത്തും, കിം ജോങ് ഉനുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ട്രംപ്.











